Nature Life

കടുത്ത വേനല്‍ കനത്ത ജാഗ്രത

ഡോ. ജേക്കബ് വടക്കൻചേരി - 2019/03/08

ടുത്ത വേനലില്‍ ഉരുകാതിരിക്കാന്‍ കനത്ത ജാഗ്രത വേണം. കാലാവസ്ഥാ വ്യതിയാനം മരുഭൂമിയാക്കുമോ എന്ന ഭയത്തിലാണ് കേരളം. കനത്ത പ്രളയം കഴിഞ്ഞ് പെട്ടെന്നു തന്നെ പുഴകളും അരുവികളും വറ്റി വരണ്ടിരിക്കുന്നു. കുളങ്ങളും കിണറുകളും വെള്ളമില്ലാത്ത ദുരവസ്ഥയിലാകുന്നു. ഭൂഗര്‍ഭ ജലം പാതാളത്തിലേക്ക് അപ്രത്യക്ഷമാകുകയാണ്. ചൂട് ആറു ഡിഗ്രി വരെ കൂടുതലായിരിക്കുമെന്ന മുന്നറിയിപ്പ് ഔദ്യോഗികമായിട്ടെത്തിക്കഴിഞ്ഞു. ക്വാറികളും മലകളിടിച്ചുള്ള മണ്ണെടുപ്പും ഭ്രാന്തന്‍ ഡാമുകളും പരിസ്ഥിതിലോല പ്രദേശങ്ങളിലെ കൈയ്യേറ്റങ്ങളും, കായലും പുഴകളും നെല്‍പാടങ്ങളും നികത്തിയുള്ള വിനാശ വികസനങ്ങളും, രാസവളങ്ങളും കീടനാശിനികളും വാരിവിതറിയുള്ള കൊലപാതകകൃഷി രീതികളും, രാപകലില്ലാതെ ചൂടുകൂട്ടിയോടുന്ന ലക്ഷക്കണക്കിന് വാഹനങ്ങളും, നിരന്തരം പുകതുപ്പി മലിനീകരിക്കുന്ന ഫാക്ടറികളും, കോണ്‍ക്രീറ്റ് കാടാക്കി മാറ്റുന്ന കെട്ടിട നിര്‍മ്മാണവും, ഉരുകിയൊലിക്കുന്ന ടാറിട്ട റോഡുകളും, പുല്ല് പോലും മുളയ്ക്കാനനുവദിക്കാത്ത ഇന്റര്‍ലോക്ക്-തൊഴിലുറപ്പ് വിക്രിയകളും, രാപകല്‍ തീകത്തിച്ച് വീടുവീടാന്തരം നടത്തുന്ന പാചകങ്ങളും, ആകാശത്തുപോലും തീച്ചൂട് പരത്തുന്ന വിമാനങ്ങളും ഉപഗ്രഹങ്ങളും എല്ലാം കൂടെ ചേര്‍ന്നിട്ടാണ് തീച്ചൂളയായി കേരളത്തെ മാറ്റിക്കൊണ്ടിരിക്കുന്നത്.
 
ഡീ-ഡവലപ്പ്‌മെന്റ്
 
പുരോഗമനം, വികസനം എന്നെല്ലാം അലറിവിളിക്കുന്നവരോട് അധോഗമനത്തിന്റെ 'മഞ്ഞക്കാര്‍ഡ്' കാണിക്കുകയാണ് പ്രകൃതി. അന്തമില്ലാത്ത മനുഷ്യന്റെ  ആര്‍ത്തിക്കുമുമ്പില്‍ പിടിച്ചു നില്ക്കാനാകാതെ തകരുന്ന പ്രകൃതി.
 
തീതുപ്പുന്ന ഫാക്ടറിയില്‍ നിന്നും കോണ്‍ക്രീറ്റിന്റെ 'റാഡോണ്‍ റേഡിയേഷന്‍' ബാധകളില്‍ നിന്നും വികസന ചിന്തകള്‍ മോചിപ്പിക്കപ്പെട്ടേ തീരൂ. പരിസ്ഥിതിയെ ദ്രോഹിക്കുന്നതും പ്രകൃതിയെ ചൂഷണം ചെയ്യുന്നതും വികസനമല്ല, വിനാശമാണെന്ന് തിരിച്ചറിഞ്ഞ് വിനയമുള്ള ജീവിതം നയിക്കാന്‍ തയ്യാറാകുകമാത്രമാണ് കേരളീയന്റെ മുമ്പിലുള്ള ഏകരക്ഷാ മാര്‍ഗ്ഗം.
 
പുല്ലില്‍ നിന്നും തുടങ്ങി വന്മരങ്ങള്‍ വരെയാണ് അന്തരീക്ഷ താപവര്‍ദ്ധനവിനുള്ള മറുപടി. കേന്ദ്രീകൃത ഉല്പാദനത്തിന്റെ ഫാക്ടറികള്‍ക്കു പകരം വികേന്ദ്രീകൃതവും നിരുപദ്രവകരവുമായ കുടില്‍ വ്യവസായങ്ങളാണ് ഉടനടിയുണ്ടാകേണ്ടത്. പ്രകൃതി സന്തുലനം തകര്‍ക്കുന്ന വികസനപദ്ധതികള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കണം വാഹനങ്ങളുടെ പെരുപ്പം തടയണം. അത്യാവശ്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ ചലിപ്പിക്കില്ലെന്ന തീരുമാനം ഒരോരുത്തരം സ്വീകരിക്കണം. വേവിച്ച ആഹാരമെന്ന അനാരോഗ്യത്തിനു പകരം വേവിക്കാത്ത ആഹാരങ്ങള്‍ എന്ന ആരോഗ്യത്തിലേക്ക് മാറണം. കുളിയും തേവാരവും വസ്ത്രധാരണവും തുടങ്ങി നിത്യജീവിതത്തെ അടിമുടി പ്രകൃതി വിനയത്തിലേയ്‌ക്കെത്തിക്കാതെ രക്ഷപെടാനാവാത്ത വികസന കെണിയില്‍ അകപ്പെട്ടിരിക്കുകയാണ് കേരളം.
 
ഭരണാധികാരികളെ പ്രതീക്ഷിക്കരുത്
പതിനൊന്നാം മണിക്കൂറില്‍ മാത്രം ഉറക്കമുണരുകയും ഫണ്ട് പ്രഖ്യാപിക്കുന്നതില്‍ ഒതുങ്ങുകയും ഭരണാധികാര നടപടികളെ ആശ്രയിച്ച് നടത്താന്‍ കഴിയുന്നതല്ല ആപത്ഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍. വിനാശവികസനം പതുക്കെയാക്കുന്നതു പോലും സഹിക്കാന്‍ കഴിയുന്ന സംവിധാനമല്ല ഭരണകൂടത്തിന്റേത്.
 
പതിനൊന്നാം മണിക്കൂറില്‍ തുറന്നുവിട്ട ഡാമുകള്‍ കേരളത്തെ പ്രളയക്കടലാക്കിയപ്പോള്‍ സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍ നിഷ്പ്രഭങ്ങളായിരുന്നു. കോടികള്‍ മുടക്കി നിലനിര്‍ത്തിപ്പോരുന്ന വിദഗ്ധന്മാരെല്ലാം വിദഗ്ധമായി പരാജയപ്പെട്ടു. പണ്ടുകാലത്തെ യുദ്ധം പോലെ രാവിലെ തുടങ്ങുകയും ഇരുട്ടാകുമ്പോള്‍ കാഹളം മുഴക്കി നിര്‍ത്തിവെയ്ക്കുന്നതുമായിരുന്നു 'സര്‍ക്കാര്‍ വക രക്ഷാപ്രവര്‍ത്തന നാടകം'. ജനങ്ങള്‍ മുങ്ങിമരിക്കുമ്പോഴും 'പട്ടാളത്തെ വിളിക്കണമോ വേണ്ടയോ' എന്ന രാഷ്ട്രീയ വൈരാഗ്യ ചര്‍ച്ചകളിലായിരുന്നു ഭരണാധികാരികള്‍. മത്സ്യതൊഴിലാളികള്‍ നാടന്‍ വള്ളങ്ങളുമായി രംഗത്തിറങ്ങിയില്ലായിരുന്നെങ്കില്‍?
 
കൊച്ചുകുട്ടി മുതല്‍ സകലരും പരമാവധി മാറ്റങ്ങള്‍ വരുത്തുന്ന ഒരു ജനകീയ പ്രവര്‍ത്തനം കൊണ്ടല്ലാതെ ഇരുട്ടു കൊണ്ട് ഓട്ടയടക്കാവുന്ന പാഴ്പരിഹാരങ്ങള്‍ ഫലം നല്കില്ലെന്നതുറപ്പ്.
 
 
വേനല്‍ ചൂടിന് പച്ചവെള്ളം.
വേനല്‍ചൂടിന് വിയര്‍ത്തു കുളിക്കുന്നവരേ പച്ചവെള്ളം കുടിക്കുക. തിളപ്പിച്ചാറിയ ചത്തവെള്ളമല്ല; പച്ചവെള്ളം തന്നെ കുടിക്കുക.
 
പച്ചവെള്ളം എന്നുകേട്ടാല്‍ ഞെട്ടുന്നവരോട്
പച്ചവെള്ളത്തില്‍ അണുക്കള്‍ ഉണ്ടാകില്ലേ എന്നാവും വിദ്യാസമ്പന്ന ദരിദ്രനായ മലയാളിയുടെ ചോദ്യം! ഉത്തരേന്ത്യയിലെ ഒരാദിവാസി പോലും ചോദിക്കാത്ത ചോദ്യം.
നിങ്ങള്‍ കുടിക്കാനെടുക്കുന്ന വെള്ളത്തില്‍ സൂഷ്മാണുക്കളുണ്ടെന്ന് മൈക്രോസ്‌കോപ്പ് പറയുന്നുണ്ടോ? എങ്കില്‍ അത് നല്ലവെള്ളമാണ്, ധൈര്യമായി കുടിക്കാം.
കുടിക്കാനെടുക്കുന്ന വെള്ളത്തില്‍ ഒരു സൂഷ്മാണുവിനെ ഇട്ടാല്‍ ഉടനതു ചാകുന്നുണ്ടോ? ആ വെള്ളം വിഷവെള്ളമാണ്, കുടിക്കരുത്.
 
മനുഷ്യനും ഒരണു തന്നെയാണ്. ഒരൊറ്റ അണുവായി ജീവിതം തുടങ്ങിയതാണ്. ഒരൊറ്റ കോശം പിളര്‍ന്ന് രണ്ട്, നാല്, എട്ട്, പതിനാറ് എന്നിങ്ങനെ നൂറ് ട്രില്യണ്‍ കോശങ്ങളായി മാറിയതാണ്. അതിന്റെ പത്തിരട്ടി സൂഷ്മാണുക്കളാണ് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ സഹായിക്കാനുള്ളത്. വായുവിലൂടെയും വെള്ളത്തിലൂടെയുമെല്ലാം സകല ജീവികള്‍ക്കുമുള്ളില്‍ അണുക്കള്‍ കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നു.ഇത് ജീവല്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. ആരോഗ്യത്തിന്റെയും ഭാഗമാണ്.
സൂഷ്മാണുക്കള്‍ എന്നല്ലാതെ രോഗാണുക്കള്‍ എന്ന് ബയോളജി എന്ന ശാസ്ത്രശാഖ പറയുന്നില്ല. അത് വൈദ്യകച്ചവടക്കാരന്റെ തട്ടിപ്പാണ്.
 
മനുഷ്യനുമാത്രം രോഗം വിതരണം ചെയ്യാന്‍ കച്ചകെട്ടി ഇറക്കിയിട്ടുള്ള രോഗാണുക്കള്‍? ഓരോരോ രോഗവും വിതരണം ചെയ്യാന്‍ പ്രത്യേകം പ്രത്യേകം രോഗാണുക്കള്‍? ഓരോ വര്‍ഷവും മാറി മാറി വന്നെത്തുന്നവര്‍?
 
രോഗമാണ് 'രോഗാണുക്കളെ' ഉണ്ടാക്കുന്നതെന്ന പ്രകൃതി ജീവനത്തിന്റെ പ്രഖ്യാപനവും, രോഗിയുടെ (ജീവിയുടെ) ശരീരത്തില്‍ നിന്നല്ലാതെ പ്രപഞ്ചത്തില്‍ മറ്റൊരിടത്തു നിന്നും രോഗാണുവെന്ന് ആക്ഷേപിക്കപ്പെടുന്ന സൂഷ്മാണുവിനെ കണ്ടെടുക്കാനാകുന്നില്ല എന്നതും ചേര്‍ത്ത് വായിക്കണം. ശുദ്ധസാഹചര്യത്തില്‍ (കള്‍ചര്‍ മീഡിയയില്‍) തിരിച്ചിട്ടു കഴിഞ്ഞാല്‍ രോഗിയില്‍ നിന്നും രോഗം പകര്‍ന്ന സൂഷ്മാണുക്കള്‍ പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുപോയി ശുദ്ധ അണുക്കളായി മാറുമെന്ന ആന്റണി ബിഷാസ് എന്ന ശാസ്ത്രജ്ഞന്റെ കണ്ടുപിടിത്തവും ഓര്‍മ്മിക്കുക. ധൈര്യമായി പച്ചവെള്ളം കുടിക്കുക. നന്നായി കുടിക്കുക.
 
പച്ചവെള്ളത്തില്‍ സൂഷ്മാണുക്കള്‍ ഉണ്ടെങ്കില്‍ അത് ജീവന് യോജിച്ച വെള്ളമാണെന്ന് തിരിച്ചറിയുക.
 
ജീവനില്ലാത്ത ചൂട് വെള്ളം കൊണ്ട് ജീവനുള്ള ശരീരത്തിന് എന്തുമെച്ചം?
 
വെള്ളത്തില്‍ നിന്നും കിട്ടേണ്ട ഓക്‌സിജന്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ ഉണ്ടാകുമോ? ജീവതേജസ്സുണ്ടാകുമോ?
 
പ്രകൃതി ജീവനത്തിന്റെ തെളിവുകള്‍
പ്രകൃതി ജീവനകേന്ദ്രങ്ങള്‍ നൂറോളമുണ്ട് കേരളത്തില്‍. ഒരിടത്തും തിളപ്പിച്ചാറ്റിയ ചത്ത വെള്ളമില്ല. പച്ചവെള്ളമാണ് പ്രധാനം. പ്രമേഹപഴുപ്പിലെത്തുന്ന കാല്‍ മുറിക്കല്‍ വിധികിട്ടിയ രോഗികള്‍ക്കും വൃണങ്ങള്‍ കഴുകാനും കുടിക്കാനും കുളിക്കാനും പച്ചവെള്ളം തന്നെ. അവ പോലും സുഖപ്പെടുകയും ചെയ്യുന്നു!
 
പച്ചവെള്ളം കുടിക്കുന്ന പ്രകൃതി ഉപാസകര്‍ രോഗങ്ങളില്ലാതെ സുഖമായി ജീവിക്കുന്നതല്ലാതെ രോഗാണുക്കളുടെ ആക്രമണങ്ങള്‍ക്ക് ഇരകളാകുന്നില്ല.
 
പച്ചവെള്ളം കുടിക്കേണ്ടതെങ്ങനെ?
  • വായിലേക്ക് ഒഴിക്കുന്നത് പച്ചവെള്ളമായിരിക്കണമെങ്കിലും വയറ്റിലെത്തുന്നത് ചൂടുവെള്ളമാകണം!
  • വെള്ളം വായില്‍ നിര്‍ത്തി ചൂട് വരുത്തണം. ഒപ്പം ദഹനത്തിനുള്ള ഉമിനീരും കലരണം.
  • അല്പാല്പമായി സാവധാനം ഇറക്കണമെന്നര്‍ത്ഥം.
  • ഭക്ഷണത്തോടൊപ്പം പച്ചവെള്ളം കുടിക്കരുത്. ദഹനരസങ്ങള്‍ നേര്‍ക്കുകയും ദഹനജോലികള്‍ തടസപ്പെടുകയും ദഹനേന്ദ്രിയങ്ങള്‍ അവശതയിലാകുകയും ചെയ്യും. 
  • ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പും രണ്ട് മണിക്കൂര്‍ കഴിഞ്ഞുമാണ് പച്ചവെള്ളം കുടിക്കേണ്ടത്.
  • എന്നാല്‍ കഞ്ഞിവെള്ളം, സൂപ്പ്, രസം തുടങ്ങിയവ ചെറു ചൂടില്‍ ഭക്ഷണത്തോടൊപ്പം കഴിക്കാം. കഞ്ഞിയും ആവാം.
  • ആഴ്ചയില്‍ ഒരു ദിവസം പച്ചവെള്ളം മാത്രം കുടിച്ച് ഉപവസിക്കുന്നത് നല്ലതാണ്. ദഹനേന്ദ്രിയങ്ങള്‍ കഴുകി വൃത്തിയാക്കാനും രക്ത ശുദ്ധി വരുത്താനും അവയവങ്ങളില്‍ കെട്ടി കിടക്കുന്ന അഴുക്കുകളെ നീക്കം ചെയ്യാനും സഹായിക്കും. ഒപ്പം രോഗങ്ങളെ മാറ്റാനും രോഗങ്ങളില്ലാതെ ജീവിക്കാനും ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ആഴ്ചയില്‍ ഒരു ദിവസത്തെ ഉപവാസം. തുടക്കക്കാര്‍ക്ക് ഫ്രൂട്ട് ജ്യൂസുകള്‍, കരിക്കിന്‍വെള്ളം എന്നിവയിലും ഉപവാസം പരിശീലിക്കാം.
  • രാവിലെയും ഉച്ചയ്ക്കുമെല്ലാം കൂടുതല്‍ വെള്ളം എന്നാല്‍ രാത്രി ആകുന്നതോടെ കുറവുമെന്നതാവണം ജലപാനരീതി. രാത്രി ദാഹം ഉണ്ടായാല്‍ ഒരു കവിള്‍ മതി. 
 
ആരോഗ്യ നിയമം മറക്കരുത്
 
ദാഹത്തിന് വെള്ളം, വിശപ്പിന് ഭക്ഷണം, ക്ഷീണത്തിന് വിശ്രമം തമ്മില്‍ ഇവ ഇടകലരരുത്. ദാഹമുള്ളപ്പോള്‍ ഭക്ഷണവും ക്ഷീണമുള്ളപ്പോള്‍ വെള്ളവുമൊന്നും പാടില്ല.
 
നിര്‍ജ്ജലീകരണത്തിന്റെ രോഗങ്ങള്‍:
തലവേദന, മാനസിക രോഗങ്ങള്‍, സന്ധിവാതം, ആര്‍ത്തവ കുഴപ്പങ്ങള്‍, ക്ഷീണം, കാഴ്ചതകരാറുകള്‍, ത്വക്കിന്റെ പ്രസന്നത നഷ്ടപ്പെടല്‍, പനി തുടങ്ങിയവ നിരവധി രോഗങ്ങളാണ് ആവശ്യത്തിന് വെള്ളം കിട്ടാത്ത ശരീരത്തിനുണ്ടാകുന്നത്. അവയ്ക്ക് മരുന്നുകള്‍ കിഴിക്കുന്നതോടെ ആപത്ത് കൂടുകയും ചെയ്യും.
 
ചായയും കോളയും വെള്ളമല്ല!
ദാഹിക്കുമ്പോള്‍ പച്ചവെള്ളം എന്നത് ഒരു നാണക്കേടായിട്ടാണ് മലയാളി കരുതുന്നത്. ചായ, കാപ്പി, കോള, എനര്‍ജി ഡ്രിങ്ക്, ബിയര്‍ തുടങ്ങിയവയാണ് അന്തസ്സിന്റെ പാനീയങ്ങള്‍ എന്ന കാശിന്റെ അഹങ്കാരമാണ് മലയാളിയെ നയിക്കുന്നത്.
 
ഇവയൊന്നും വെള്ളമല്ലെന്നും കൂടുതല്‍ വെള്ളം കുടിച്ചാല്‍ മാത്രം കഴുകിക്കളയാനാകുന്ന അഴുക്കാണെന്നും തിരിച്ചറിയണം.
 
ഒരു കപ്പ് ചായയിലെ ടാനിനും കഫീനും കഴുകിക്കളയാന്‍ എട്ട് കപ്പ് വെള്ളവും ഒരു കോളയ്ക്ക് ഇരുപത്തിനാലു കുപ്പി വെള്ളവുമാണ് ശരീരത്തിന് രക്ഷപെടാന്‍ വേണ്ടത്.
വെള്ളമാണെന്ന ധാരണയില്‍ കാപ്പിയും കോളയും ബിയറുമൊക്കെ കഴിക്കുന്നവരിലും 'ഡീഹൈഡ്രേഷന്‍' ഉണ്ടാകുകയാണ്. ഒപ്പം വിഷവല്ക്കരണവും.
 


Your Comment

Newest First