Nature Life

പ്രഷര്‍ മരുന്നുകള്‍ കാന്‍സര്‍ കൊലവിളി തുടരുന്നു.

ഡോ. ജേക്കബ് വടക്കൻചേരി - 2019/03/06

2018 ജൂലൈ മുതല്‍ പരിഭ്രാന്തിയുയര്‍ത്തിക്കൊണ്ട് അമേരിക്കയില്‍ നടന്നു വരുന്ന പ്രഷര്‍ മരുന്നുകളുടെ തിരിച്ചു വിളിക്കല്‍ നിലയ്ക്കാതെ തുടരുന്നു. കാന്‍സര്‍ ഉണ്ടാക്കുന്ന രാസപദാര്‍ത്ഥം പ്രഷര്‍ മരുന്നുകളില്‍ ചേര്‍ത്തിരിക്കുന്നത് കണ്ടുപിടിക്കപ്പെട്ടതിനെ തുടര്‍ന്നാണ് അമേരിക്കയിലും യൂറോപ്പിലുമെല്ലാമായി ഇരുപത്തിരണ്ട് രാജ്യങ്ങളില്‍  'പ്രഷര്‍ മരുന്നുവേട്ട' നടക്കുന്നത്.
 
ടോറന്റ് ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ 'ലോസാര്‍ട്ടന്‍' ടാബ് ലന്റുകളാണ് നിരന്തരമായി തുടരുന്ന തിരിച്ചു വിളിക്കലില്‍ ഒടുവിലത്തേത്. മാര്‍ച്ച് 3 നാണ് ടോറന്റിന്റെ മരുന്നിന്റെ പിന്‍വലിക്കല്‍ അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കാന്‍സര്‍ ഉണ്ടാക്കുന്ന 'എന്‍-നൈട്രോഡോബൂട്രിക ആസിഡ്' കണ്ടെത്തിയതിയതിനാലാണ് ടോറന്റിന്റെ ലോസാര്‍ട്ടനും പില്‍വലിപ്പിച്ചിട്ടുള്ളത്. 
 
അരബിന്ദോ ഫാര്‍മയുടെ 'അംലോഡിപിന്‍, വല്‍സാര്‍ട്ടന്‍' എന്നീ പ്രഷര്‍മരുന്നുകളും ഇതേ കാന്‍സര്‍ രാസവസ്തു കണ്ടതിനെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിനു തന്നെ പിന്‍വലിപ്പിച്ചിട്ടുണ്ട്.
ഫെബ്രുവരി 28-നു 'കാംബര്‍ ഫാര്‍മയുടെ' 'ലോസാര്‍ട്ടന്‍ ഗുളികകള്‍ പിന്‍വലിപ്പിച്ചത്' എന്‍നൈട്രോസോ എന്‍-മീതൈല്‍ 4-അമിനോ ബൂട്രിക്ക് ആസിഡ് എന്ന കാന്‍സര്‍കാരി കണ്ടെത്തിയതിനെ തുടര്‍ന്നാണ്.
 
ചൈനയിലെയും ഇന്ത്യയിലെയും മരുന്നു കമ്പനികളില്‍ എഫ്.ഡി.എ നടത്തിയ പരിശോധനയില്‍ പ്രഷര്‍, ഹൃദ്‌രോഗ മരുന്നുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകങ്ങള്‍ മനപൂര്‍വ്വം ചേര്‍ക്കുന്നതായിട്ട് കണ്ടെത്തിയതായാണ് സൂചനകള്‍ ഉള്ളത്. എഫ്.ഡി.എയില്‍ സമര്‍പ്പിച്ചിട്ടുള്ള ഉല്പാദന രീതിയില്‍ നിന്നും മാറി മറ്റു രാസവസ്തുക്കള്‍ ചേര്‍ത്തുള്ള ഉല്പാദക രീതി അവലംബിച്ചതിന്റെ കാരണം അന്വേഷിക്കുകയാണ്. എഫ്.ഡി.എ ചൈനയിലെ 'ഷെയ്ജിയാങ് ഹുവാഹായ് ഫാര്‍മസ്യൂട്ടികല്‍സ്, ഇന്ത്യയിലെ ഹൈദ്രാബാദിലെ ഹെറ്റ്‌റോ ലാബ്‌സ്' എന്നീ കമ്പനികളില്‍ ഉല്പാദിച്ച പ്രഷര്‍, ഹൃദ്രോഗ, കിഡ്‌നി മരുന്നുകളില്‍ കാന്‍സര്‍ ഉണ്ടാക്കുന്ന 'എന്‍-നൈട്രോസോ ഡൈഈതൈലാമിന്‍, എന്‍- നൈട്രോ എന്‍- മീതൈല്‍ 4 അമിനോ  ബ്യൂട്രിക് ആസിഡ്' തുടങ്ങിയ രാസവസ്തുക്കള്‍ കണ്ടെത്തുന്നതിന് മുമ്പ് എത്ര ലക്ഷം പേരാണ് ഇത് കഴിച്ചിട്ടുണ്ടാകുക എന്ന അങ്കലാപ്പിലാണ് എഫ്.ഡി.എ ഉദ്ദ്യോഗസ്ഥര്‍.
അമേരിക്കയിലെ പിന്‍വലിക്കലിനെ തുടര്‍ന്ന് 22 രാജ്യങ്ങള്‍ പ്രഷര്‍ മരുന്നുകള്‍ പിന്‍വലിച്ചെങ്കിലും കണ്ടം ചെയ്യപ്പെടുന്ന മരുന്നുകളുടെയും കാര്‍ഷിക  ഉല്പന്നങ്ങളുടെയും 'തിരിച്ചെടുക്കല്‍' രാജ്യമായ ഇന്ത്യയില്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറലും മറ്റ് ഉദ്ദ്യോഗസ്ഥരും അറിഞ്ഞ മട്ടേയില്ല. ആരോഗ്യവകുപ്പുകാരും അറിഞ്ഞിട്ടില്ല.
 
കര്‍ഷകനു ശിക്ഷ; വ്യവസായിക്ക് പിന്‍വലിക്കല്‍
വിചിത്രമാണ് അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്.ഡി.എ) 'മരുന്നു പിന്‍വലിക്കല്‍' വാദങ്ങള്‍. 'അപകടകാരിയും തകരാറുള്ളതുമായ മരുന്നില്‍ നിന്നും  പൊതുജനങ്ങളെ രക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് മരുന്നുകളുടെ പിന്‍വലിക്കല്‍. മരുന്നു പിന്‍വലിക്കല്‍ എന്നു പറയുന്നത് വികലമായ ഒരു മരുന്ന് ഉല്പന്നത്തെ മാര്‍ക്കറ്റില്‍ നിന്നും എടുത്തുമാറ്റുന്നതിന് മരുന്നുകമ്പനികള്‍ സ്വമേധയാ നടത്തുന്ന നീക്കമാണ്'. എഫ്.ഡി.എ യുടെ വെബ് സൈറ്റിലാണ് അതിവിചിത്രമായ ഈ പ്രസ്താവനയുള്ളത്. 
പാലില്‍ അപകടകാരി അല്ലാത്ത പച്ചവെള്ളം കണ്ടാലും തേനില്‍ ശര്‍ക്കര കണ്ടാലും ഗുരുതരമായ കേസാണ്. തിരിച്ചു വിളിക്കലല്ല കര്‍ഷകനെ ജയിലില്‍ പിടിച്ചിടലാണ് നടപടി. ലക്ഷങ്ങളുടെ പിഴയും വേറെയുണ്ട്. പക്ഷെ വ്യവസായികള്‍ക്ക് പിന്‍വലിക്കലും തലോടലുമാണ്.
 
വിഷമരുന്നുകള്‍ എത്ര വേണമെങ്കിലും വിറ്റ് കാശുണ്ടാക്കാം. വല്ലകാലത്തും അബദ്ധവശാല്‍ കണ്ടുപിടിക്കപ്പട്ടാല്‍ പിന്‍വലിച്ചാല്‍ മാത്രം മതി. അതേവരെ കിട്ടിയ കാശ് ലാഭം തന്നെ! ഗുരുതരമായ രോഗങ്ങള്‍ അതേവരെ വിറ്റ മരുന്നുകള്‍ ഉണ്ടാക്കുമ്പോള്‍ അതിനുള്ള മരുന്നുകള്‍ അതിലാഭകരമായി വില്ക്കാന്‍ കഴിയും. പിന്‍വലിക്കപ്പട്ട മരുന്നുകള്‍ പേരുമാറ്റിയും മറ്റുള്ള രോഗങ്ങള്‍ക്കെന്ന പേരിലും തുടര്‍ന്ന് വിലകൂട്ടി വില്ക്കാനാകുമെന്നതിനാല്‍ 'വ്യവസായത്തിനും വ്യവസായിക്കും' ഒരു പോറലുപോലുമേല്ക്കുന്നില്ല.
ഇതു തന്നെയാണ് അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ക്കുള്ളതും. ഒരു ശിക്ഷയുമില്ല. വ്യവസായങ്ങള്‍ കൊണ്ട് രാജ്യത്തിനു കിട്ടിയതിന്റെ പത്തിരട്ടി തുകയാണ് ഗംഗാനദിയുടെ ശുദ്ധീകരണത്തിനായി സര്‍ക്കാര്‍ മുടക്കുന്നത്. ഗംഗയെ മലിനമാക്കിയവര്‍ക്ക് ഒരു പോറലും ഏല്ക്കാതെ സര്‍ക്കാര്‍ കാത്തു സൂക്ഷിക്കുന്നു.
 
നിരോധനം എന്തുകൊണ്ടില്ല?
അപകടകാരികളായ മരുന്നുകളെ എന്തുകൊണ്ട് അമേരിക്ക നിരോധിക്കുന്നില്ല എന്ന ചോദ്യത്തിന് വ്യവസായ സംരക്ഷണ മറുപടിയാണുള്ളത്.
അമേരിക്കയില്‍ നിരോധിക്കുന്ന മരുന്ന് മറ്റു രാജ്യങ്ങളില്‍ വില്ക്കാന്‍ പ്രയാസമാകും.സ്വമേധയാ പിന്‍വലിക്കലാണെങ്കില്‍ മറ്റു രാജ്യങ്ങളില്‍ ഇഷ്ടം പോലെ വിറ്റു കൊണ്ടേയിരിക്കാം.
 
കഴിഞ്ഞ ജൂലൈ മുതല്‍ വല്‍സാര്‍ട്ടന്‍, ലോസാര്‍ട്ടന്‍, ജര്‍ബസാര്‍ട്ടന്‍, അംലോഡിപ്പിന്‍, തുടങ്ങിയ പ്രഷര്‍ മരുന്നുകള്‍ നിരന്തരമായി പിന്‍വലിക്കപ്പെടുകയാണ്. ലക്ഷക്കണക്കിന് മരുന്നു പെട്ടികളാണ് 'എങ്ങോട്ടെന്നറിയാത്ത തിരിച്ചു പോക്ക്' നടത്തിക്കൊണ്ടിരിക്കുന്നത്.
 
അമേരിക്കയില്‍ അമേദ്യം, ഇന്ത്യയിലോ?
അമേരിക്കയില്‍ അലോപ്പതി മരുന്നുകള്‍ നിരന്തരമായി പിന്‍വലിക്കപ്പെടുമ്പോള്‍ അതേ മരുന്നുകളുടെ 'തേഡ് ക്വാളിറ്റി' മാത്രം വില്ക്കപ്പെടുന്ന ഇന്ത്യയിലോ?
അമേരിക്കയില്‍ നിന്നും തിരിച്ചയപ്പെടുന്ന വെറുക്കപ്പെട്ട മരുന്നുകളും, കീടനാശിനികളാല്‍ തിരിച്ചയക്കപ്പെടുന്ന പച്ചക്കറികളും ഇന്ത്യാക്കാരന് അനുഗ്രഹമാണ്. അതീവ ശ്രദ്ധയോടെ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ തയ്യാറാക്കിയ ഫസ്റ്റ് ക്വാളിറ്റി വിഷങ്ങള്‍ കിട്ടുന്നതിനുള്ള ഭാഗ്യം ചില്ലറയൊന്നുമല്ലല്ലോ? മൂന്നാം കിട വിഷത്തെക്കാള്‍ എന്തുകൊണ്ടും ഒന്നാംകിടവിഷങ്ങള്‍ നല്ലതു തന്നെ എന്ന കാര്യത്തില്‍ സംശയമുണ്ടോ?


Your Comment

Newest First