Nature Life

സിപ്ലയുടെ മരുന്നിന് അമേരിക്കയില്‍ തിരിച്ചു വിളിക്കല്‍

ഡോ. ജേക്കബ് വടക്കൻചേരി - 2019/02/21

ന്ത്യന്‍ മരുന്നുകമ്പനിയായ 'സിപ്ല'യുടെ ഗോവയിലെ പ്ലാന്റില്‍ ഉണ്ടാക്കിയ മരുന്ന് അമേരിക്കയിലെ മരുന്ന് കടകളില്‍ നിന്നും തിരിച്ചെടുക്കുന്നു. സൂഷ്മപരിശോധനയില്‍ കുപ്പിച്ചില്ലിന്റെ അംശങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സിപ്ലയുടെ മൂക്കില്‍ ചീറ്റിക്കുന്ന (നേസല്‍ സ്‌പ്രേ) ഡൈമിസ്റ്റല്‍ എന്ന മരുന്നിന് ഗതികേടുണ്ടായിരിക്കുന്നത്. അമേരിക്കന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) നിര്‍ദ്ദേശിച്ചതനുസരിച്ച് പതിനായിരത്തിലേറെ കുപ്പിമരുന്നുകളാണ് പിന്‍വലിച്ചിട്ടുള്ളത്. സിപ്ലയില്‍ നിന്നും മരുന്ന് വാങ്ങി മൈലന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന അമേരിക്കന്‍ കമ്പനിയാണ് അമേരിക്കയില്‍ മരുന്ന് വില്ക്കുന്നത്.
 
മരുന്നുകളില്‍ അന്യവസ്തുക്കളും അന്യരാസഘടകങ്ങളും കണ്ടെത്തുന്നതിന്റെ പേരിലും, ലേബര്‍മാറിപ്പോകുക, അവകാശപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ അളവില്‍ ചേരുവകള്‍ ഉണ്ടാക്കുക, അപകടകാരികളാണെന്നു തെളിയുക എന്നിങ്ങനെയുള്ള നിരവധി കുഴപ്പങ്ങള്‍ കണ്ടെത്തുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ മരുന്നു കമ്പനികളുടെ മരുന്നുകള്‍ പിന്‍വലിക്കുന്നതും തിരിച്ചെടുക്കുന്നതും അമേരിക്കയില്‍ നിരന്തരമായി സംഭവിക്കുന്നുണ്ട്. വല്‍സാര്‍ട്ടന്‍, ലോസാര്‍ട്ടന്‍, ഇര്‍ബെസാര്‍ട്ടന്‍ തുടങ്ങിയ പ്രഷര്‍മരുന്നുകളുടെ ലക്ഷക്കണക്കിന് പായ്ക്കറ്റുകള്‍ ഈയിടെ പിന്‍വലിച്ചത് 'നേച്ചര്‍ ലൈഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാന്‍സര്‍ ഉണ്ടാക്കുന്ന ഘടകം ചേര്‍ത്തിരിക്കുന്നു എന്ന് കണ്ടെത്തിയതിനാലായിരുന്നു വ്യാപകമായ പിന്‍വലിക്കല്‍.
 
പിന്‍വലിക്കപ്പെടുന്നവ ഇന്ത്യയിലേക്ക്?
അതീവജാഗ്രതയോടെയാണ് അമേരിക്കയിലേക്ക് കയറ്റി അയക്കാന്‍ ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. ഫസ്റ്റ് ക്വാളിറ്റി അമേരിക്കയ്ക്ക്, സെക്കന്റ് ക്വാളിറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക്, തേര്‍ഡ് ക്വാളിറ്റി ഇന്ത്യക്കാര്‍ക്ക് എന്നതാണ് കയറ്റുമതിയുള്ള വ്യവസായികളുടെ നയം. ഒന്നാമത്തെ നിലവാരത്തില്‍ ഉണ്ടാക്കുന്ന മരുന്നുകളാണ് അപകടകാരികള്‍ എന്നു കണ്ട് അമേരിക്കയില്‍ നിന്നും ചവിട്ടിപുറത്താക്കപ്പെടുന്നത്. എങ്കില്‍ ഇന്ത്യയില്‍ വിറ്റുവരുന്ന മരുന്നുകള്‍ എന്തായിരിക്കുമെന്ന ചോദ്യം ചോദിക്കാതിരിക്കുന്നതായിരിക്കും ഭേദം. ഒപ്പം ഇന്ത്യയിലെ ഡ്രഗ്കണ്‍ട്രോളര്‍മാരുടെയും ആരോഗ്യവകുപ്പുകാരുടെയും തെഴിലെന്താണെന്ന ചോദ്യവും ആരും ചോദിക്കരുത്. അമേരിക്കയില്‍ നിന്നും പുറത്താക്കപ്പെടുന്ന അത്യന്തം അപകടകാരികളായ മരുന്നുകള്‍ക്ക് (മരുന്നു കമ്പനിക്കാര്‍ക്ക് അവ അപകടകാരികളല്ല; കൂടുതല്‍ മരുന്നുകള്‍ ചെലവാക്കാന്‍ സഹായിക്കുന്ന ബിസിനസ് പ്രമോഷന്‍ മെറ്റീരിയലുകളാണ്) എന്താണു സംഭവിക്കുക എന്ന ചോദ്യമെങ്കിലും ജനങ്ങള്‍ ചോദിക്കേണ്ടതാണ്.
 
കീടനാശിനികളുടെ അംശം കണ്ടെത്തുന്നതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും കയറ്റി അയക്കുന്ന പഴങ്ങളും പച്ചക്കറികളുമെല്ലാം കണ്ടെയ്‌നറുകള്‍ കണക്കിന് തിരിച്ച് അയക്കാറുണ്ട്. അമേരിക്കയും യൂറോപ്പുമെല്ലാം അവയ്‌ക്കെന്താണ് സംഭവിക്കുക? ഇന്ത്യയില്‍ തിരികെ ഇറക്കി വിറ്റ് കാശാക്കും. അത് തന്നെയാണ് തിരികെ വിളിക്കപ്പെടുന്ന മരുന്നുകളുടെയും നടപടി. മൂന്നാംകിട സാധനങ്ങളെക്കാളും നല്ലതാണ് ഒന്നാംകിടയില്‍ മോശമായത്. മൂന്നാംകിടയില്‍ മോശമായതിനെക്കാള്‍ നല്ലതാണെന്നതായിരിക്കും അവരുടെ ന്യായം.
 
മരുന്നുകളുടെ ബാച്ചുകള്‍ പിന്‍വലിക്കുന്നതോടൊപ്പം മരുന്നുകള്‍ തന്നെ പിന്‍വലിക്കുന്നതും ഇടയക്കിടെ സംഭവിക്കുന്നുണ്ട്. ശാസ്ത്രീയമായി കണ്ടുപിടിച്ചത് ശാസ്ത്രീയമായി പിന്‍വലിക്കപ്പെടുന്നു എന്നാണ് അവകാശപ്പെടുക. കണ്ടുപിടിച്ചതോ അതോ പിന്‍വലിച്ചതോ ഏതാണ് ശാസ്ത്രം എന്നറിയാതെ അന്തം വിടുക മാത്രമേ നമുക്ക് ചെയ്യാനുള്ളൂ.
 


Your Comment

Newest First

??????
2019-02-22

ഉറക്കക്കുറവിന് പ്രകൃതി ചികിത്സ ഒന്ന് വിശദീകരിക്കാമോ.

Varughese Thadathil.
2019-02-21

Go back to natural life control sugar oils control carbs at more fresh vegetables.