Nature Life

കൃത്രിമ ക്ഷാമം,അമിത നിരക്ക് :കർശന നടപടിയെന്ന് സർക്കാർ

- 2018/08/18

തിരുവനന്തപുരം:വെള്ളപ്പൊക്കത്തിന്റെ മറവിൽ  അവശ്യസാധനങ്ങൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കാതെ സാധനങ്ങളുടെ ലഭ്യതയിൽ കൃത്രിമക്ഷാമം ഉണ്ടാക്കി വിലക്കയറ്റം സൃഷ്ടിക്കുവാൻ ചിലയിടങ്ങളിൽ ശ്രമം ഉണ്ടാകുന്നത് ശ്രദ്ധയിൽപ്പെട്ടതായി ഭക്ഷ്യ മന്ത്രി പി തിലോത്തമൻ. 
 
അത്തരക്കാർക്കെതിരെ 1955 ലെ അവശ്യ സാധന നിയമപ്രകാരം നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗ സ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.
 
ഭക്ഷ്യ ക്ഷാമം ഉണ്ടാകാതിരിക്കാൻ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും മാവേലി സ്റ്റോറുകളും ഞായറാഴ്ച തുറന്ന് പ്രവർത്തിക്കാനും നിർദ്ദേശിച്ചു. 
 
അവശ്യവസ്തുക്കള്‍ക്ക് ഉയര്‍ന്ന വില ഈടാക്കുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും  അമിത വില ഈടാക്കിയാലും ടാക്‌സികൾ അമിത നിരക്ക് ആവശ്യപ്പെട്ടാലും  അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. 94979 00440 എന്ന നമ്പറിലും വിവരം അറിയിക്കാം.
 
അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അറിയിക്കണമെന്നും കര്‍ശന നടപടി സ്വീകരിക്കുമെന്നും  കേരള പൊലീസ് അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ബോട്ട് വിട്ട് നൽകാത്ത ഉടമകളെ അറസ്റ്റ് ചെയ്യാൻ നിർദേശം
 
പ്രളയക്കെടുതിയില്‍ ചില കച്ചവടക്കാര്‍ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കി ദുരന്തത്തെ ചൂഷണം ചെയ്യുന്നതായി രക്ഷാ പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ചിരുന്നു‍.
 
എറണാകുളം, കോട്ടയം, പാമ്പാടി എന്നീ മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണെന്ന് പറഞ്ഞിട്ടും കച്ചവടക്കാര്‍ വില കുറക്കാന്‍ തയ്യാറായില്ലെന്ന് സന്നദ്ധപ്രവർത്തകർ പറയുന്നു. ഒരു ലിറ്റര്‍ വെള്ളത്തിന് 60 രൂപവരെയും കിലോ അരിക്ക് 100രൂപവരെയും ഈടാക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. 

Related News


Your Comment

Newest First