Nature Life

ചന്ദ്രനിൽ ആണവ ഇന്ധനം തേടാൻ ഇന്ത്യ ഒരുങ്ങുന്നു

നേച്ചർ ലൈഫ് ന്യൂസ് ടീം - 2018/06/27

ന്യൂഡല്‍ഹി: മാലിന്യരഹിത ആണവ ഇന്ധനം തേടി ചന്ദ്രനിലേക്ക് പര്യവേഷണ വാഹനം വിക്ഷേപിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ഭാവിയിൽ ലോകം നേരിടേണ്ടിവരുന്ന ഊർജപ്രതിസന്ധി നേരിടുകയെന്ന ലക്‌ഷ്യത്തോടെ  ചന്ദ്രനില്‍ നിന്ന്  മാലിന്യരഹിത ആണവ ഇന്ധനം  ഖനനം ചെയ്‌തെടുക്കാനുള്ള സാധ്യതയെ കുറിച്ച്‌ പഠിക്കാനാണ് ഐ എസ് ആര്‍ ഒ തയ്യാറെടുക്കുന്നതെന്ന് 'ബ്ലൂംബെര്‍ഗ്' റിപ്പോര്‍ട്ട് ചെയ്‌തു.
 
ഒരു രാജ്യവും ഇതുവരെ പര്യവേഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണ ഭാഗത്തേക്കാണ് ഇന്ത്യയുടെ ബഹിരാകാശ വാഹനം യാത്ര ചെയ്യുക.ഒക്ടോബറോടെയാകും ഐ എസ്‌ ആര്‍ ഒ വാഹനം വിക്ഷേപിക്കുന്നത്. തുടര്‍ന്ന് ചന്ദ്രന്റെ  ഉപരിതലം പഠനവിധേയമാക്കുകയും ജലത്തിന്റെയൊ  ഹീലിയം-മൂന്നിന്റെയൊ സാന്നിദ്ധ്യമുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും.
 
ഭൂമിയില്‍ താമതമ്യേന കുറഞ്ഞ അളവില്‍ കാണപ്പെടുന്നതാണെങ്കിലും ചന്ദ്രനില്‍ ഹീലിയം -മൂന്ന് ധാരാളമായി കാണപ്പെടുന്നുണ്ടെന്നും ചന്ദ്രനിലെ ഊര്‍ജസ്രോതസിനെ ഭൂമിയിലേക്ക് എത്തിക്കാന്‍ സാധിക്കുന്നത് ഏതു രാജ്യത്തിനാണോ അവര്‍ക്കായിരിക്കും പ്രവര്‍ത്തനത്തില്‍ മേധാവിത്വം ലഭിക്കുകയെന്നും ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു. വെറുതെ പദ്ധതിയുടെ ഭാഗമാകുകയല്ല, പകരം ആ മേഖലയുടെ നേതൃത്വം ഏറ്റെടുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Related News


Your Comment

Newest First